Pages

Sunday, August 29, 2010

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് സമാപിച്ചു



കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് സമാപിച്ചു

ആഗസ്റ്റ് 27,28,29 തീയ്യതികളിലായി അങ്കമാലി നായത്തോട് മഹാകവി ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് സമാപിച്ചു. ഐക്യരാഷ്ട്രസഭയിലെ ഭക്ഷ്യകാര്‍ഷിക സംഘടനയില്‍ സാമ്പത്തികവിദഗ്ധനായിരുന്ന  ഡോ. സി.ടി.എസ് നായര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച ക്യാമ്പില്‍ വിവിധ വിഷയങ്ങളിലായി സജീവമായ ചര്‍ച്ചകള്‍ നടന്നു.  പരിസ്ഥിതി,വികസനം എന്ന വിഷയത്തില്‍ ഡോ.കെ.എന്‍ ഗണേഷ്, പൊതുവിദ്യാഭ്യാസത്തെക്കുറിച്ച് സി.പി നാരായണന്‍, ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ച് ഡോ.ആര്‍.വി.ജി മേനോന്‍, ലിംഗപദവിയെക്കുറിച്ച് മിനി സുകുമാരന്‍ എന്നിവര്‍ വിഷായവതരണം നടത്തി. ക്യാമ്പിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച സൂര്യകാന്തി എന്ന വാര്‍ത്താപത്രിക സംസ്ഥാനപ്രസിഡന്റ് ശ്രീ കാവുമ്പായി ബാലകൃഷ്ണന്‍ സ്കൂള്‍ പി.ടി.എ പ്രസിഡന്റ് ശ്രീ വേണുവിന് നല്‍കി പ്രകാശനം ചെയ്തു. 10 ഓളം ശാസ്ത്രപുസ്തകങ്ങളുടെ പ്രകാശനവും ക്യാമ്പില്‍ നിര്‍വ്വഹിക്കപ്പെട്ടു.   കുമരകത്തിനടുത്തുള്ള മെത്രാന്‍ പാടം ടൂറിസം വികസനത്തിന്റെ പേരില്‍ നികത്തുവാനുള്ള ശ്രമം ഉപേക്ഷിക്കണം എന്ന പ്രമേയവും സംസ്ഥാന ക്യാമ്പില്‍ അവതരിപ്പിക്കപ്പെട്ടു.  ക്യാമ്പിന്റെ പ്രചാരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അങ്കമാലി നഗരസഭയിലെ 16  വാര്‍ഡുകളിലായി 49 ആരോഗ്യവിജ്ഞാന സദസ്സുകള്‍ നടന്നു. ഒന്നാം ദിവസം വൈകിട്ട് നടന്ന ഗ്രാമശാസ്ത്രജാഥ ശ്രദ്ധേയമായിരുന്നു.  കിടങ്ങൂര്‍ വേലായുധന്‍ അവതരിപ്പിച്ച നാടന്‍ പാട്ടുകളും ശ്രീശങ്കരാചാര്യ സംസ്കൃതസര്‍വ്വകലാശാലയിലെ നാടകാധ്യാപകന്‍ വിനോദ് കുമാര്‍ അവതരിപ്പിച്ച നാടകവും ക്യാമ്പിന്റെ ഭാഗമായി ഉണ്ടായിരുന്നു.

മെത്രാന്‍ കായല്‍പാടശേഖരത്ത് കൃഷി ചെയ്യുക - സംസ്ഥാന പ്രവര്‍ത്തക ക്യാമ്പില്‍ അവതരിപ്പിച്ച പ്രമേയം


മെത്രാന്‍ കായല്‍പാടശേഖരത്ത് കൃഷി ചെയ്യുക - സംസ്ഥാന പ്രവര്‍ത്തക ക്യാമ്പില്‍ അവതരിപ്പിച്ച പ്രമേയം

കോട്ടയം ജില്ലയില്‍ കുമരകം ഗ്രാമപഞ്ചായത്ത് അതിര്‍ത്തിയില്‍ വേമ്പനാട് കായലിനോട് ചേര്‍ന്നുകിടക്കുന്ന 417 ഏക്കര്‍ വരുന്ന മെത്രാന്‍ കായല്‍ എന്ന പാടശേഖരം ടുറിസം വ്യവസായത്തിനായി നികത്തുവാനുള്ള നീക്കം അനുവദിക്കരുത്. റാക്ക്-ഇന്‍ഡോ എന്ന സ്വകാര്യകമ്പനിയുടെ കൈവശമാണ് ഇപ്പോള്‍ ഈ ഭൂമി. 150 ഏക്കര്‍ വിസ്തൃതിയുള്ള ഗോള്‍ഫ് മൈതാനം സെവന്‍ സ്റ്റാര്‍ പദവിയുള്ള ടൂറിസ്റ്റ് റിസോര്‍ട്ട്, റസ്റ്ററന്റുകള്‍, കോട്ടേജുകള്‍ എന്നിവയാണ് ഇവിടെ നിര്‍മ്മിക്കാന്‍ പോകുന്നതെന്ന് കമ്പനി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ള പ്രൊജക്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ ഫലമായി നിര്‍മ്മാണം ആരംഭിച്ചു കഴിഞ്ഞാല്‍ ആറ് മുതല്‍ പത്ത് വരെ വര്‍ഷത്തേക്ക് ഇരുപത്തയ്യായിരം ആളുകള്‍ക്ക് നിര്‍മ്മാണ മേഖലയില്‍ തൊഴില്‍ ലഭിക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു. ഈ പദ്ധതി വിവിധ മേഖലകളില്‍ വരുത്തുവാന്‍ പോകുന്ന ആഘാതം എന്തെന്ന് മനസ്സിലാക്കേണ്ടതുണ്ട്. പ്രതിവര്‍ഷം പതിനായിരം ക്വിന്റല്‍ നെല്ലുല്‍പ്പാദിപ്പിക്കുന്ന ഒരു കുട്ടനാടന്‍ പാടശേഖരമാണിത്. ഈ പാടശേഖരങ്ങള്‍ പൊതുവേ ഉള്‍നാടന്‍ മത്സ്യങ്ങളടങ്ങുന്ന സമ്പന്നമായ ജൈവവൈവിധ്യത്തിന്റെ ഉടമകളാണ്. പ്രാഥമിക ഉല്‍പ്പാദന മേഖലയിലെ രണ്ട് സുപ്രധാന ഘടകങ്ങളാണ് ഭക്ഷ്യധാന്യ ഉല്‍പ്പാദനവും മത്സ്യബന്ധനവും. ഇതിനേക്കാള്‍ ഉപരിയായി നെല്‍പ്പാടങ്ങള്‍ നിര്‍വ്വഹിക്കുന്ന പാരിസ്ഥിതിക ധര്‍മ്മങ്ങളും കണക്കിലെടുക്കണം. കേരളത്തിന്റെ രണ്ട് പ്രധാന നെല്ലുല്‍പ്പാദന കേന്ദ്രങ്ങളില്‍ ഒന്നായ കുട്ടനാടിന്റെ ജൈവപരിസ്ഥിതിയുടെ കേന്ദ്രബിന്ദു നെല്‍പ്പാടങ്ങളാണ്. പ്രകൃതിയിലെ സ്വാഭാവിക ജലസംഭരണി എന്ന നിലയില്‍ പാടശേഖരങ്ങള്‍ക്കുള്ള  സ്ഥാനവും ജലസംഭംരണം വെള്ളപ്പൊക്കനിയന്ത്രണം നീരൊഴുക്ക് ജൈവരൂപങ്ങളുടെ നിലനില്‍പ്പ് എന്നീ മേഖലകളില്‍ പാടശേഖരങ്ങള്‍ നിര്‍വ്വഹിക്കുന്ന സവിശേഷധര്‍മ്മങ്ങളും കണക്കിലെടുക്കണം. മെത്രാന്‍ കായല്‍ മാത്രമല്ല മറ്റ് നിരവധി പാടശേഖരങ്ങള്‍ സമാനമായ പദ്ധതികള്‍ക്കായി വിവിധ കമ്പനികള്‍ വാങ്ങിക്കൂട്ടുന്നുണ്ടെന്നതാണ് പരിഗണിക്കേണ്ട മറ്റൊരു വസ്തുത. കുമരകം, അയ്മനം, ആര്‍പ്പൂക്കര, വെച്ചൂര്‍ തുടങ്ങിയ മേഖലകളിലായി രണ്ടായിരത്തോളം വരുന്ന നെല്‍പ്പാടങ്ങള്‍ ഇപ്പോള്‍ വിലപേശലിലാണ്. ഈ വയലുകള്‍ കേന്ദ്രമാക്കി വിവിധങ്ങളായ ചെറുത്ത് നില്‍പ്പുകള്‍ രൂപപ്പെട്ട് വരുന്നുണ്ട്. മെത്രാന്‍ കായല്‍ പാടം നികത്തുവാന്‍ അനുമതി നല്‍കിയാല്‍ ഈ മാതൃകയില്‍ മറ്റ് പാടങ്ങളും നികത്തപ്പെടും എന്നതിന് സംശയമില്ല. ഇത് ഭക്ഷ്യോത്പാദനത്തിന്റേയും പരിസ്ഥിതിയുടേയും ജലലഭ്യതയുടേയും അതു വഴി ഈ മേഖലയിലെ മനുഷ്യ ആവാസത്തെ മൊത്തത്തിലും തകര്‍ക്കുമെന്നതില്‍ സംശയമില്ല. പാടം നികത്തി നൂറ്റമ്പത് ഏക്കര്‍ ഗോള്‍ഫ് മൈതാനം നിര്‍മ്മിക്കുന്നത് എന്തു തരത്തിലുള്ള പ്രത്യാഘാതമാണ് സൃഷ്ടിക്കാന്‍ പോകുന്നതെന്ന് പഠിക്കേണ്ടതുണ്ട്.  ഗോള്‍ഫ് മൈതാനം പരിപാലിക്കുന്നതിനു വേണ്ടിവരുന്ന സവിശേഷ കീടനാശിനികളും രാസവളങ്ങളും എത്തിച്ചേരുന്നത് വേമ്പനാട്ട് കായലിലേക്കായിരിക്കും. ഇത് ഇപ്പോള്‍ത്തന്നെ ഗുരുതരമായ പാരിസ്ഥിതിക പ്രതിസന്ധി നേരിടുന്ന വേമ്പനാട്ട് കായലിന്റെ ഘടനയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തും. ഇപ്പോള്‍ത്തന്നെ ടൂറിസം സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ കായലിനെ മലിനമാക്കുന്നുണ്ട്. ഗോള്‍ഫ് മൈതാനത്തിനാവശ്യമായ അധിക ജല ഉപഭോഗം കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും. 1971 ലെ റാംസര്‍ കണ്‍വെന്‍ഷന്‍ തീരുമാനപ്രകാരം പ്രത്യേകം സംരക്ഷിക്കേണ്ട അന്താരാഷ്ട്രപ്രാധാന്യമുള്ള തണ്ണീര്‍ത്തടങ്ങളുടെ പട്ടികയില്‍ വേമ്പനാട് നീര്‍ത്തടവും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് ഈ തണ്ണീര്‍ത്തടത്തെ സംരക്ഷിക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് അന്താരാഷ്ട്രസമൂഹത്തെ ബോധ്യപ്പെടുത്തുവാന്‍ ഇന്ത്യാഗവണ്‍മെന്റിന് ഉത്തരവാദിത്വമുണ്ട്. കുട്ടനാടിന്റെ പരിപാലനത്തിനുള്ള ശാസ്ത്രീയനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഡോ.എം.എസ് സ്വാമിനാഥന്‍ കമ്മിറ്റി ഈ മേഖലയിലെ നെല്‍കൃഷി സംരക്ഷിക്കണമെന്നും വിപുലപ്പെടുത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2008 ലെ നെല്‍വയല്‍ നീര്‍ത്തടസംരക്ഷണനിയമത്തിന്റെ മൂന്നാം വകുപ്പിന്റെ ലംഘനവുമാണിത്. ഈ സാഹചര്യത്തില്‍ മെത്രാന്‍ കായല്‍ പദ്ധതിക്ക് അനുമതി നല്‍കരുതെന്നും ഈ പാടശേഖരത്ത് അടിയന്തരമായി കൃഷിയിറക്കാന്‍ ഉടമകളോട് ആവശ്യപ്പെടുകയും അവര്‍ അങ്ങിനെ ചെയ്യുന്നില്ലെങ്കില്‍ 2008 ലെ നെല്‍വയല്‍ നീര്‍ത്തടനിയമമനുസരിച്ച് ഭൂമിയില്‍ കൃഷിചെയ്യാന്‍ സന്നദ്ധതയുള്ളവര്‍ക്ക് കൈമാറുകയും ചെയ്യണമെന്ന് കേരളശാസ്ത്രസാഹിത്യ പരിഷത്ത് 2010 ഓഗസ്റ്റ് 27,28,29 തീയ്യതികളില്‍ അങ്കമാലി നായത്തോട് മഹാകവി ജി. മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ നടന്ന സംസ്ഥാനപ്രവര്‍ത്തക ക്യാമ്പ് കേരള സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

Saturday, August 28, 2010

കേരളത്തിന് ഒരു ജനകീയാരോഗ്യനയം വേണം : ഡോ.ബി.ഇക്ബാല്‍

അങ്കമാലി: നിരവധി ജനകീയാരോഗ്യ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും കേരളത്തിന് ഇപ്പോഴും സമഗ്രമായ ഒരു ആരോഗ്യനയം രൂപപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പ്രശസ്ത ആരോഗ്യപ്രവര്‍ത്തകനായ ഡോ.ബി.ഇക്ബാല്‍ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാനപ്രവര്‍ത്തക ക്യാമ്പില്‍ രണ്ടാം ദിവസം ആരോഗ്യമേഖലയിലെ വെല്ലുവിളികള്‍ എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യമെന്നാല്‍ രോഗം, മരുന്ന്, ആശുപത്രി എന്ന സമവാക്യമാണ് പൊതുവെ ഉദ്ദേശിക്കപ്പെടുന്നത്. എന്നാല്‍ ആരോഗ്യം ഉറപ്പാക്കുന്നതിന് ശുദ്ധവായു, ശുദ്ധജലം, ശരിയായ പരിസരം, നല്ല ഭക്ഷണം, ശരിയായ സാമൂഹിക സാമ്പത്തിക ഘടകങ്ങള്‍ എന്നവിയെല്ലാം അനിവാര്യമാണ്. അത് കൊണ്ട് ഒരു സമഗ്രസമീപനത്തിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യത്തെക്കാണുന്ന രീതി വളര്‍ന്നുവരുന്നുണ്ട്. എന്നാല്‍ ആരോഗ്യം കേവലം രോഗം മരുന്ന് ആശുപത്രി എന്ന നിലയില്‍ കച്ചവടവത്കരിക്കുന്നതിനാണ് മരുന്ന് കമ്പനികളും ലോകവ്യാപാരസംഘടനയുടെ സമീപനങ്ങളും ശ്രമിക്കുന്നത്. ഇത് ആരോഗ്യരംഗത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. 

ഇന്ത്യയെപ്പോലുള്ള മൂന്നാം ലോക രാജ്യങ്ങളെ കരാര്‍ഗവേഷണത്തിനുപയോഗിച്ച് ലാഭം കുന്ന് കൂട്ടാന്‍ പുതിയ പേറ്റന്റ് നിയമം വഴിയൊരുക്കുകയാണ്. മെഡിക്കല്‍കോളേജുകളിലെ സ്വകാര്യപ്രാക്റ്റീസ് നിരോധിച്ചതുള്‍പ്പടെ നിരവധി നല്ല മാറ്റങ്ങള്‍ കേരളത്തില്‍ നടപ്പിലാവുന്നുണ്ട്. എന്നാല്‍ വൃദ്ധജനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതും സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വേണ്ടത്ര ശ്രദ്ധ കിട്ടാത്തതും നമ്മുടെ പരിമിതികളാണ്. സ്തനാര്‍ബുദം കേരളത്തില്‍ വര്‍ദ്ധിക്കുന്നുണ്ടെങ്കിലും അതിന്റെ മാമോഗ്രാഫി പരിശോധന പ്രധാന ആശുപത്രികളില്‍പ്പോലും ലഭ്യമല്ല. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമഗ്രമായ ജനകീയാരോഗ്യനയത്തിന് കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Friday, August 27, 2010

സുസ്ഥിരവികസനം ഹരിതസാമ്പത്തിക വ്യവസ്ഥയിലൂടെ മാത്രം - ഡോ. സി.ടി.എസ്. നായര്‍



സുസ്ഥിരവികസനം ഹരിതസാമ്പത്തിക വ്യവസ്ഥയിലൂടെ മാത്രം - ഡോ. സി.ടി.എസ്. നായര്‍


സുസ്ഥിരവികസനം ഹരിതസാമ്പത്തിക വ്യവസ്ഥയിലൂടെ മാത്രമേ സാധ്യമാകൂ എന്ന് ഐക്യരാഷ്ട്രസഭയിലെ ഭക്ഷ്യകാര്‍ഷിക സംഘടനയില്‍(FAO) സാമ്പത്തികവിദഗ്ധനായിരുന്ന ഡോ.സി.ടി.എസ്. നായര്‍ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  പരിമിതമായ വിഭവങ്ങളുടെ ഉപയോഗവും അതിന്റെ രാഷ്ട്രീയവും പ്രഭാഷണത്തില്‍ പരാമര്‍ശിക്കപ്പെട്ടു. കേരളം വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. കേരളത്തിലെ പട്ടണങ്ങളുടെ എണ്ണം കൂടും തോറും കേരളം മറ്റ് സംസ്ഥാനങ്ങളേയും രാജ്യങ്ങളേയും ആഹാരം, വസ്ത്രം തുടങ്ങിയ അടിസ്ഥാനആവശ്യങ്ങള്‍ക്കായി ആശ്രയിച്ചു കൊണ്ടിരിക്കുന്നു.
വിവിധ മേഖലകളിലുള്ള നയങ്ങള്‍ പരസ്പരബന്ധമില്ലാതെ നിലനില്‍ക്കുകയാണ്. അതില്‍ മാറ്റം വരേണ്ടതുണ്ട്. ജനസാന്ദ്രതയിലെ വര്‍ദ്ധനവ് വിഭവങ്ങളുടെ അനിയന്ത്രിതമായ ഉപഭോഗത്തിന് വഴി തെളിക്കുന്നു.ഇതിലൂടെ അനൌപചാരികമായ സാമ്പത്തിക ഇടപെടലുകള്‍ വര്‍ദ്ധിക്കുകയാണ്.

പരിസ്ഥിതിയും പ്രധാനപ്പെട്ട ഒരു മേഖലയാണ്. കാര്‍ബണ്‍ പുറന്തള്ളുന്നതിന്റെ അളവ് കണക്കിലെടുത്ത് വ്യവസായങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും കാര്‍ബണ്‍ ടാക്സിംഗ് നടപ്പാക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണപരിപാടികള്‍ക്ക് ആക്കം കൂട്ടാന്‍ കഴിയുന്നതാണ്. മാലിന്യത്തെ മാലിന്യമായി കണക്കാക്കാതെ അതിനെ ഒരു വിഭവമായി കാണാന്‍ കഴിയുന്ന സാങ്കേതികവിദ്യകള്‍ ആര്‍ജ്ജിക്കാന്‍ ശ്രമിക്കണം. മാലിന്യത്തെ ഊര്‍ജ്ജോല്‍പ്പാദനത്തിനായി വിനിയോഗിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യകള്‍ ഇന്ന് ലഭ്യമാണ് അത് നടപ്പിലാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. ഭൂമി-ജലം-വായു എന്നിവ പൊതു സ്വത്തായി അംഗീകരിച്ചു കൊണ്ടേ സുസ്ഥിരവികസനം എന്ന ആശയം നടപ്പിലാക്കാന്‍ കഴിയുകയുള്ളൂ. പ്രിസിഷന്‍ അഗ്രികള്‍ച്ചര്‍ തുടങ്ങിയ ഹരിതവിപ്ലവ സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നതും കൃഷിയുടെ വികസനത്തിന് സഹായകരമാണ്. മനുഷ്യവിഭവ ശേഷിയുടെ വികസനത്തില്‍ വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടാവുകയും വിദ്യാഭ്യാസ സംവിധാനങ്ങള്‍ മനുഷ്യവിഭവശേഷിയുടെ ആവശ്യത്തിനനുസരിച്ച് മാത്രം ആസൂത്രണം ചെയ്യേണ്ടതുമാണ്. ഇങ്ങിനെ പ്രകൃതിയോടിണങ്ങുന്നതും സുസ്ഥിരവുമായ വികസനരീതികളിലൂടെ മാത്രമേ വരും കാലത്തെ വികസനത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ നമുക്കാവൂ.

അങ്കമാലി, നായത്തോട് മഹാകവി ജി. മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ നടന്ന ഉദ്ഘാടന സമ്മേളനം ശ്രീ. ഹരി ചെറായിയുടെ ശ്രുതിമധുരമായ ഗാനത്തോടെ ആരംഭിച്ചു. ക്യാമ്പില്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ശ്രീ.എ.പി മുരളീധരന്‍ സ്വാഗതം പറഞ്ഞു. കേരള ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാനപ്രസിഡന്റ് ശ്രീ. കാവുമ്പായി ബാലകൃഷ്ണന്‍ അധ്യക്ഷപ്രസംഗം നടത്തി. അങ്കമാലി നഗരസഭാ ചെയര്‍പേഴ്സണ്‍ ശ്രീമതി വത്സല ഹരിദാസ് ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ആള്‍ ഇന്ത്യ പീപ്പിള്‍സ് സയന്‍സ് നെറ്റ്‌വര്‍ക്ക് ചെയര്‍മാന്‍ ശ്രീ. സി.പി നാരായണന്‍, പരിഷത്ത് സംസ്ഥാന സെക്രട്ടറി ശ്രീ.ടി.പി. ശ്രീശങ്കര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ശ്രീ.ഇ.ടി രാജന്‍ നന്ദി പറഞ്ഞു.

Tuesday, August 24, 2010

സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ആഗസ്റ്റ് 27 മുതല്‍ 29 വരെ അങ്കമാലി നായത്തോട് MGMHSS ല്‍ നടക്കുന്ന സംസ്ഥാനപ്രവര്‍ത്തക ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 27 ന് രാവിലെ കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിത കൌണ്‍സിലിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. സി.ടി.എസ്. നായര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും

 ഒന്നാം ദിവസം ടി.കെ ദേവരാജന്‍ സംഘടനാ രേഖ അവതരിപ്പിക്കും. രണ്ടാം ദിവസം പരിസ്ഥിത, ആരോഗ്യം, വികസനം, വിദ്യാഭ്യാസം, ജെന്‍ഡര്‍, എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രത്യേക ചര്‍ച്ചകള്‍ നടക്കും. ഡോ.കെ.എന്‍ ഗണേഷ്, ഡോ.ബി ഇക്ബാല്‍, പ്രൊ. സി.പി നാരായണന്‍, ഡോ. ആര്‍.വി.ജി മേനോന്‍, മിനി സുകുമാരന്‍ എന്നിവരാണ് വിഷയങ്ങള്‍ അവതരിപ്പിക്കുന്നത്. മൂന്നാം ദിവസം സംഘടനാവലോകനവും ആസന്ന ഭാവി പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യും. 

Saturday, July 10, 2010

ആത്മവിശ്വാസം പകര്‍ന്ന് ആരോഗ്യവിജ്ഞാന സദസ്സുകള്‍




അങ്കമാലി: പകര്‍ച്ചപ്പനിയുടേയും ജീവിതശൈലീരോഗങ്ങളുടേയും ഭീതിജനകമായ വാര്‍ത്തകള്‍ക്കിടയില്‍ രോഗങ്ങളെ അറിയാനും പ്രതിരോധിക്കാനും ഒരു നിശബ്ദപ്രവര്‍ത്തനം അങ്കമാലി നഗരസഭയിലെ നായത്തോട് ചെത്തിക്കോട് വേങ്ങൂര്‍ പ്രദേശങ്ങളില്‍ നടന്നു വരുന്നു. 2010 ആഗസ്റ്റ് 27,28,29 തീയ്യതികളില്‍ നായത്തോട് ജി.സ്മാരക ഹയര്‍സെക്കന്ററി സ്കൂളില്‍ വച്ച് നടക്കുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാനപ്രവര്‍ത്തക ക്യാമ്പിനോടനുബന്ധിച്ചാണ് ആരോഗ്യവിജ്ഞാനക്ലാസുകള്‍ നടക്കുന്നത്. ജൂണ്‍ മാസത്തില്‍ ചെത്തിക്കോട് കമ്യൂണിറ്റി ഹാളില്‍ വച്ച് നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീമതി വത്സലഹരിദാസ് ആരോഗ്യക്ലാസുകള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. അയല്‍പക്ക കൂട്ടായ്മകളുടെ വര്‍ദ്ധിച്ച പങ്കാളിത്തവും സഹകരണവും പരിപാടിയുടെ ആവശ്യകരത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ദിവസവും വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന ആരോഗ്യവിജ്ഞാന സദസ്സുകള്‍ ജീവിതശൈലീരോഗങ്ങളെക്കുറിച്ചും പകര്‍ച്ചപ്പനിയക്കുറിച്ചും ഉള്ള ആശങ്കകളും സംശയങ്ങളും ദുരീകരിച്ചുകൊണ്ടാണ് കടന്നു പോകുന്നത്. ബോഡി മാസ്സ് ഇന്‍ഡക്സ് (BMI) പരിശോധനയും ഇതോടൊപ്പം നടക്കുന്നുണ്ട്. ഡോ. രാധാകൃഷ്ണന്‍ (തൃശൂര്‍ മെഡിക്കല്‍കോളേജ്) ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ദിവാകരന്‍ , സണ്ണി, രാമനാഥന്‍, സന്തോഷ് തുടങ്ങിയവരും ശാസ്ത്രസാഹിത്യപരിഷത്ത് പ്രവര്‍ത്തകരും പരിപാടിക്ക് നേതൃത്വം നല്‍കുന്നു. അങ്കമാലി നഗരസഭാപ്രദേശത്തും സമീപപഞ്ചായത്തുകളിലും വിപുലമായ ആരോഗ്യവിജ്ഞാന സദസ്സുകളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. പൊതുജനാരോഗ്യം നിലനിര്‍ത്തുന്നതിനും സംരക്ഷിക്കുന്നതിനും എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്ന് പരിഷത്ത് കേന്ദ്രനിര്‍വ്വാഹക കമ്മറ്റി അംഗവും ജനറല്‍ കണ്‍വീനറുമായ ശ്രീ. എ.പി മുരളീധരന്‍ അഭ്യര്‍ത്ഥിച്ചു.
 
മീഡിയ കമ്മറ്റിക്ക് വേണ്ടി
ഇ.കെ സുകുമാരന്‍

Sunday, June 27, 2010

ചെത്തിക്കോട് കോളനിയില്‍ പഠനക്ലാസ്സ്.. ജീവിതശൈലീ രോഗങ്ങള്‍

ജീവിതശൈലീ രോഗങ്ങളെക്കുറിച്ചുള്ള പഠനക്ലാസുകളുടെ ഭാഗമായി നായത്തോട് ചെത്തിക്കോട് കോളനിയില്‍ 23-06-2010 ന് ഹെല്‍ത്ത് ഇന്‍സ്പെക്ടറായ ശ്രീ കരുമാലൂര്‍ ദിവാകരന്‍ ക്ലാസെടുത്തു. 54 പേരോളം പങ്കെടുത്ത ക്ലാസില്‍ ശ്രീ എം.ആര്‍ വിദ്യാധരന്‍ ആമുഖപ്രഭാഷണം നടത്തി. ശ്രീ ദേവകീദാസന്‍ സ്വാഗതവും ശ്രീ തങ്കപ്പന്‍ നന്ദിയും പറഞ്ഞു.
പങ്കെടുത്തവരുടെ ബോഡി മാസ് ഇന്‍ഡക്സ് പരിശോധനയും ക്ലാസിന്റെ ഭാഗമായി നടന്നു.